ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സംസാരിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെമ്പാടും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി മോദിയെ വിളിച്ച് സംസാരിക്കാൻ ഇടയാക്കിയത്. രാജ്യത്തെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദിക്ക് മുഹമ്മദ് യൂനുസ് ഉറപ്പുനൽകി. ഇക്കാര്യം വിശദമാക്കി നരേന്ദ്രമോദി എക്സിൽ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാണ് മോദിയുമായി ഫോൺ സംഭാഷണം നടത്തിയ മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിൽ സമാധാനവും സ്ഥിരതയും പുരോഗതിയും ജനാധിപത്യവും ഉറപ്പുവരുത്താൻ ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു.
ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം കലാപമായതിന് പിന്നാലെ രാജിവയ്‌ക്കാൻ നിർബന്ധിതയായ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയുടെ ചുമതലയൊഴിഞ്ഞ് രാജ്യത്ത് നിന്നും പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കലാപം കെട്ടടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൂടുതൽ അക്രമകാരികളാവുകയായിരുന്നു പ്രക്ഷോഭകർ. അവാമി ലീഗിന്റെ നേതാക്കളെയും പ്രതിമകളെയും ഉൾപ്പടെ തച്ചുടച്ച കലാപകാരികൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെയും തിരിഞ്ഞു.
തുടർന്ന് നിരവധി ഹിന്ദുക്കളാണ് കൊലചെയ്യപ്പെട്ടത്. ന്യൂനപക്ഷ വിഭാഗത്തിലെ ജനങ്ങൾ ആൾക്കൂട്ടാക്രമണങ്ങൾക്കും ഇരയായി. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും കത്തിയെരിഞ്ഞു. ഹിന്ദുക്കളെ ലക്ഷ്യമിട്ട് തിരിഞ്ഞ കലാപകാരികളെ നിലയ്‌ക്ക് നിർത്തണമെന്നും അക്രമം അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നും ബംഗ്ലാദേശിനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഇടക്കാല സർക്കാർ മോദിക്ക് ഉറപ്പുനൽകിയിരിക്കുന്നത്.















