മരുഭൂമിയിലെ ദുരിത ജീവിതം അനുഭവിച്ച നജീബായി പൃഥ്വിരാജ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ ചിത്രത്തിൽ ഹക്കീമായി ഗോകുൽ ജീവിക്കുകയായിരുന്നു. ആദ്യമായി അഭിനയിച്ച ചിത്രത്തിന് ഇന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കെ ആർ ഗോകുൽ. ആടുജീവിതത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശമാണ് ഈ കോഴിക്കോട്ടുകാരനെ തേടിയെത്തിയത്.
വളരെയധികം സന്തോഷമുണ്ടെന്നും തുടക്കക്കാരനെന്ന നിലയിൽ ഇങ്ങനെയൊരു അംഗീകാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ഗോകുൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നുവെന്നും താരം വ്യക്തമാക്കി.
ഒരുപാട് കിനാവുകൾ കണ്ട് നജീബിനൊപ്പം ഗൾഫിലെത്തിയ ഹക്കീമിനെ മരുഭൂമിയിലെ മണലെടുക്കുകയായിരുന്നു. സിനിമയുടെ അവാസന രംഗങ്ങളിൽ പ്രേക്ഷകരുടെ ഉള്ളുലയ്‌ക്കുന്ന വിധത്തിലാണ് ഗോകുൽ അഭിനയിച്ച് തകർത്തത്. നിലവിൽ വിനോദ് രാമൻ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്താനുള്ള ഒരുക്കത്തിലാണ് ഗോകുൽ.















