കൊൽക്കത്ത: അക്രമിസംഘം ആർജി കാർ മെഡിക്കൽ കോളേജ് അടിച്ചുതകർത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊൽക്കത്ത ഹൈക്കോടതി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി നടന്ന റീക്ലെയിം ദി നൈറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങൾ സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണെന്ന് കോടതി വിമർശിച്ചു. സിറ്റി പൊലീസിനുപോലും സ്വയം രക്ഷിക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥയാണ് ഉണ്ടായത്. പിന്നെങ്ങനെ ഡോക്ടർമാർ നിർഭയരായി അവരുടെ ജോലി ചെയ്യുമെന്ന് കോടതി ചോദിച്ചു. പ്രതിഷേധക്കാരായ ഡോക്ടർമാർക്കെതിരായുണ്ടായ ആൾക്കൂട്ടാക്രമണവുമായി ബന്ധപ്പെട്ട് ഇമെയിൽ വഴി ലഭിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മമത സർക്കാരിനെ ശാസിച്ച ഹൈക്കോടതി, സെക്ഷൻ 144 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമായിരുന്നുവെന്ന് സംസ്ഥാന സർക്കാരിനെ ഓർമിപ്പിച്ചു. പൊലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കണമായിരുന്നു പ്രദേശമെന്നും കോടതി പറഞ്ഞു. 7000 പേരടങ്ങുന്ന അക്രമി സംഘത്തിന് ഒരിക്കലും അവിടെ നടന്നെത്താൻ കഴിയില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെ ആത്മവീര്യം കെടുത്തുന്നതിനു കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയി ഭട്ടാചാര്യ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഇത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സാഹചര്യം മോശമായാൽ ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ജൂനിയർ വനിതാ ഡോക്ടർ കൊലചെയ്യപ്പെട്ട ആശുപത്രിയിലെ സെമിനാർ ഹാൾ തെളിവ് നശിപ്പിക്കാനായി പുനരുദ്ധാരണം ചെയ്യുകയാണെന്ന ആരോപണത്തിലും കോടതി സർക്കാരിനോട് തെളിവ് സഹിതം വിശദീകരണം ആവശ്യപ്പെട്ടു. കേസ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.