കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വിമർശനവുമായി ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ആർജി കാർ മെഡിക്കൽ കോളേജിനെ കുറിച്ച് തനിക്ക് നിരവധി പരാതികൾ ലഭിച്ചതായും, അഴിമതിയുടെ കേന്ദ്രമായി ഇവിടം മാറിയതായും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇപ്പോൾ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും കൂടുതൽ കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്നും അദ്ദേഹം പറയുന്നു.
പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധിച്ചവർക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം. ആവശ്യമുള്ള ഘട്ടങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിൽ ബംഗാൾ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം വിമർശനം ഉന്നയിച്ചു. ” ആർജി കാർ മെഡിക്കൽ കോളേജിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഞാൻ വിശദമായ കത്ത് നൽകിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട ശേഷം അവർ നടപടിയെടുക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതുപോലെയുള്ള 30ഓളം കത്തുകൾ അയച്ചിട്ടുണ്ട്. ഒരു നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായിട്ടില്ല.
പൊലീസ് ഇടപെടലുകളിലുള്ള അതൃപ്തിയും അവരെ അറിയിച്ചിട്ടുണ്ട്. സർക്കാർ വിഷയത്തിൽ നടപടി എടുക്കുന്നില്ല എന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. കൊൽക്കത്ത പൊലീസ് വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും” സി വി ആനന്ദബോസ് പറയുന്നു. അതേസമയം, ആശുപത്രിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തതായി കൊൽക്കത്ത പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ ഈ മാസം 22 വരെ കസ്റ്റഡിയിൽ വിട്ടതായും അധികൃതർ അറിയിച്ചു.















