തിരുവനന്തപുരം: കാട്ടാക്കടയിൽ കുട്ടികൾക്ക് മയക്കുമരുന്ന് കലർന്ന പൊടി നൽകിയതായി പരാതി. ആക്രി പെറുക്കാനെത്തിയ സംഘമാണ് കുട്ടികൾക്ക് ഇന്ത്യയുടെ ചിത്രം പതിപ്പിച്ച ചെറിയ പാക്കറ്റുകൾ കയ്യിൽ കൊടുത്ത് പോയത്. എന്നാൽ വിവരം കുട്ടികൾ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
പാലിലോ വെള്ളത്തിലോ ചേർത്ത് കുടിച്ചാൽ നല്ല ഉന്മേഷം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കുട്ടികൾക്ക് പൊടി നൽകിയത്. തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘമാണ് എത്തിയതെന്ന് കുട്ടികൾ പറയുന്നു. കൂടാതെ ഇവർ കുട്ടികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിയുണ്ട്.
ഇതോടെ രക്ഷിതാക്കൾ പഞ്ചായത്ത് മെമ്പറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നൽകിയ പൊടി മയക്കുമരുന്നാണെന്നാണ് പ്രാഥമിക നിഗമനം.