ചെന്നൈ: 24 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു. ആദ്യ ട്രെയിൻ 2026 ൽ പുറത്തിറക്കുമെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുബ്ബറാവു പറഞ്ഞു. സ്വാതന്ത്രദിനാഘോഷ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
16 കോച്ചുകൾ അടങ്ങിയ 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിൽ ആദ്യ ട്രെയിൻ ഉടൻ പുറത്തിറങ്ങും. ജൂലൈ വരെ ചെയർകാർ കോച്ചുകൾ അടങ്ങിയ 75 വന്ദേഭാരത് ട്രെയിനുകളാണ് ഐഎഫ്സിയിൽ നിർമാണം പൂർത്തിയാക്കിയത്. 12 കോച്ചുകൾ അടങ്ങിയ വന്ദേഭാരത് ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയാക്കി ഇവ പശ്ചിമ റെയിൽവേയ്‌ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക സൗകര്യങ്ങളടങ്ങിയ 22 കോച്ചുകളോടു കൂടിയ ആദ്യ അമൃത് ഭാരത് കഴിഞ്ഞ ഒക്ടോബറിലാണ് ഇന്റഗ്രൽ ഫാക്ടറി പുറത്തിറക്കിയത്. എല്ലാം വിഭാഗത്തിലുമായി നടപ്പുസാമ്പത്തിക വർഷം 3457 കോച്ച് നിർമിക്കാൻ പദ്ധതി തയ്യാറായതായും അദ്ദേഹം പറഞ്ഞു.















