ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി. കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ വച്ച് സബർമതി എക്‌സ്പ്രസാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം. ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അറിയിച്ചു. പാളത്തിൽ പാറക്കല്ല് കയറ്റി വച്ച നിലയിലായിരുന്നു. ഇതിൽ ട്രെയിനിന്റെ എഞ്ചിൻ ഇടിച്ചതോടെ 20 കോച്ചുകൾ പാളം തെറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
സംഭവത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കുകയും മൂന്നെണ്ണം വഴി തിരിച്ച് വിടുകയും ചെയ്തു. അപകടസ്ഥലത്ത് നിന്ന് യാത്രക്കാരെ മെമുവിൽ തിരിച്ചെത്തിക്കുമെന്ന് നോർത്ത് സെൻട്രൽ റെയിൽവേ സോൺ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ശശികാന്ത് ത്രിപാഠി പറഞ്ഞു.















