MANന്യൂഡൽഹി: ഒളിമ്പികിസ് മെഡൽ നിർഭാഗ്യം കൊണ്ട് നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരിസിൽ നിന്ന് മടങ്ങിയെത്തി. രാവിലെ 10 മണിയോടെയാണ് ഡൽഹി വിമാനത്താവളത്തിൽ താരം എത്തിയത്. 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ താരത്തെ മാലയിട്ടും പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും
സഹതാരങ്ങളും ആരാധകരും സ്വീകരിച്ചു.
ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയയും സാക്ഷി മാലികും ഉൾപ്പെടെയാണ് വിമാനത്താവളത്തിൽ എത്തിയത്. സഹതാരങ്ങളെ കണ്ടതോടെ വിനേഷ് ഫോഗട്ട് പൊട്ടിക്കരഞ്ഞു. റോഡ് ഷോയിൽ വാഹനത്തിന് മുകളിലേറ്റിയാണ് താരത്തെ വിമാനത്താവളത്തിന് പുറത്തേക്ക് ആനയിച്ചത്. നിരവധി കായികപ്രേമികളും വിനേഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സ്വദേശമായ ഹരിയാനയിലേക്ക് താരം മടങ്ങുമെന്നാണ് റിപ്പോർട്ട്. നേരത്തെ പ്രധാനമന്ത്രിയും ഇന്ത്യൻ ഒളിമ്പിക്് അസോസിയേഷനും ഉൾപ്പെടെ വിനേഷ് ഫോഗട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പാരിസ് ഒളിമ്പിക്‌സിൽ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഫൈനലിലെത്തിയതോടെ രാജ്യം ഒരു മെഡലും ഉറപ്പിച്ചിരുന്നു. എന്നാൽ ഫൈനൽ ദിനം നടത്തിയ ഭാരപരിശോധനയിൽ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടതോടെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കുകയായിരുന്നു. വെളളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം അപ്പീൽ തളളി. ഇതോടെയാണ് വിനേഷ് ഫോഗട്ട് നാട്ടിലേക്ക് മടങ്ങിയത്.
മെഡൽ നഷ്ടമായതിന് പിന്നാലെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട കത്തിൽ തീരുമാനത്തിൽ നിന്ന് പിൻമാറിയേക്കുമെന്ന സൂചനയും താരം നൽകിയിരുന്നു. വിരമിക്കൽ തീരുമാനം ദൗർഭാഗ്യകരമായ നിമിഷത്തിലായിരുന്നുവെന്നും മറ്റൊരു സാഹചര്യമായിരുന്നെങ്കിൽ 2032 വരെ കരിയറിൽ തുടർന്നേനെയെന്നും അവർ കുറിച്ചിരുന്നു. സാഹചര്യങ്ങൾ എങ്ങനെയാണോ മുന്നോട്ടുകൊണ്ടുപോകുന്നത് അതനുസരിച്ചാകും ഭാവിയെന്നും താരം കുറിച്ചിരുന്നു.















