ന്യൂഡൽഹി: പീരങ്കിപ്പടയുടെ ശക്തി വർദ്ധിപ്പിക്കാൻ വൻ ചുവടുവെപ്പുകൾക്ക് സൈന്യം ഒരുങ്ങുന്നു. 6,500 കോടി രൂപ വിലമതിക്കുന്ന 400 ഹോവിറ്റ്സർ തോക്കുകൾ ( ചെറു പീരങ്കികൾ) വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. പ്രതിരോധ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളാണ് സേനയ്‌ക്കായി ഹോവിറ്റ്സർ പീരങ്കികൾ നിർമിക്കുന്നത്.
മുമ്പ് യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഹോവിറ്റ്സർ വാങ്ങിയിരുന്നത്. പുതിയ ടെൻഡർ ‘ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായ’ ഹോവിറ്റ്‌സറുകൾക്കാണ്,
കഴിഞ്ഞ ഏതാനും വർഷങ്ങളായി തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾക്കാണ് സേന ഊന്നൽ നൽകുന്നത്. തോക്കുകൾ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ചെറു പീരങ്കിക്ക് സമാനമാണ് ഹോവിറ്റ്സർ 155 /52 കാലിബർ ടവ്ഡ് ഗൺ സിസ്റ്റം. കൃത്യമായ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള തോക്കുകളുടെ ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. ഇവ പഴയ ബോഫോഴ്‌സ് തോക്കുകളേക്കാൾ ഭാരം കുറഞ്ഞതും ഉയർന്ന പ്രദേശങ്ങളിൽ വിന്യസിക്കാൻ എളുപ്പവുമാണ്.
മേക്ക് ഇൻ ഇന്ത്യ പ്രോജക്ടിന് കീഴിൽ സൈനിക വാഹനങ്ങൾക്കും വാങ്ങുന്നതിനും ടെൻഡർ നൽകിയതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഭാരത് ഫോർജ്, ലാർസൻ ആൻഡ് ടൂബ്രോ, അദാനി, ഓർഡനൻസ് ഫാക്ടറി ബോർഡ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും ടെൻഡറുകളിൽ പങ്കെടുക്കുന്നത്. ദക്ഷിണ കൊറിയൻ കമ്പനിയായ ഹൻവാ കോർപ്പറേഷനുമായി തോക്കുകളുടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാൻ മുമ്പ് ലാർസൻ ആൻഡ് ടൂബ്രോ കരാർ ഒപ്പിട്ടിരുന്നു. സൂറത്തിലെ ഹസീറയില്‍ കമ്പനിയുടെ ഹോവിറ്റ്സര്‍ നിര്‍മാണശാല സ്ഥിതി ചെയ്യുന്നത്.















