തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ തടസമില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. കഴിഞ്ഞ 13-ാം തീയതിയാണ് വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ പിന്നീട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ എതിർകക്ഷിയായാണ് വനിത കമ്മീഷനെ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സതീദേവി പറഞ്ഞു. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിൽ യാതൊരു തടസവുമില്ലെന്നും അവർ വ്യക്തമാക്കി.
നടിയുടെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതിന് ശേഷം റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് പുറത്തുവിടേണ്ടത് കേരള സമൂഹത്തിന്റെ തന്നെ ആവശ്യമായി മാറിയിട്ടുണ്ട്. ഇത് പുറത്തുവിടുന്നതോടെ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന് മനസിലാകും. മറ്റ് ഭാഷകളിലെ സിനിമാ മേഖലകൾക്കും റിപ്പോർട്ട് പ്രചോദനമാകുമെന്നാണ് വിചാരിക്കുന്നതെന്നും സതീദേവി പറഞ്ഞു. നടിയുടെ ഹർജി കോടതി പരിശോധിക്കുകയാണ്. പരാതി നിലനിൽക്കാത്തതാണെങ്കിൽ റിപ്പോർട്ട് പുറത്തുവിടേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്നും അവർ വ്യക്തമാക്കി.
മൊഴി നൽകിയവർക്ക് റിപ്പോർട്ടിന്റെ പകർപ്പ് കാണാനുള്ള അവസരമുണ്ടെന്നും അത് തങ്ങളുടെ അവകാശമാണെന്നും ചൂണ്ടിക്കാട്ടി നടി രഞ്ജനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ റിപ്പോർട്ട് പുറത്തുവിടാനിരിക്കെയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
നേരത്തെ റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയായിരുന്നു തടസമായത്. താൽക്കാലികമായി റിപ്പോർട്ട് പുറത്തുവിടുന്നത് തടഞ്ഞ സിംഗിൾ ബെഞ്ച് പിന്നീട് ഇത് തളളുകയായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിയും ഹർജിയുമായി കോടതിയിലെത്തിയത്.















