കൊച്ചി: ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് നടി രഞ്ജിനി. ഞങ്ങൾ കൊടുത്ത മൊഴി തന്നെയാണോ പുറത്തുവരുന്നതെന്ന് അറിയില്ലല്ലോ. കമ്മിറ്റിക്ക് മുന്നിൽ പലതും പറഞ്ഞിട്ടുണ്ട്. വിശദാംശങ്ങൾ പുറത്ത് വരില്ലെന്ന അടിസ്ഥാനത്തിലാണ് മൊഴി നൽകിയതെന്നും രഞ്ജിനി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പബ്ലീഷ് ചെയ്യേണ്ടന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് രഞ്ജിനി വ്യക്തമാക്കി. ഞങ്ങൾ അതിൽ മൊഴി നൽകിയതയാണ്. നാല് വർഷത്തിന് ഇപ്പുറവും ഞങ്ങൾ പറഞ്ഞതിൽ എന്തൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയതെന്ന് കമ്മിറ്റിയോ സർക്കാരോ പറഞ്ഞിട്ടില്ല. ഞങ്ങൾ കൊടുത്ത മൊഴിയിൽ നിന്നും റിപ്പോർട്ടിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തിയെന്ന് അറിയാനുള്ള അവകാശം ഉണ്ട്. ഞങ്ങളുടെ സമ്മതം ഇല്ലാതെ റിപ്പോർട്ട് പബ്ലിഷ് ചെയ്യുന്നത് തെറ്റല്ലേ രഞ്ജിനി ചോദിച്ചു.
നമ്മൾ പൊലീസ് സ്റ്റേഷനിൽ ഒരു പരാതികൊടുക്കുമ്പോൾ പോലും അവർ വായിച്ച ശേഷമാണ് ഒപ്പിടുന്നത്. റിപ്പോർട്ട് പുറത്ത് വിടുന്നതിന് മുമ്പ് മൊഴി കൊടുത്ത 50 പേർക്കും നൽകണമെന്നാണ് തന്റെ ആവശ്യമെന്നും രഞ്ജിനി ആവർത്തിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നായിരുന്നു പുറത്തുവരേണ്ടിയിരുന്നത്. എന്നാൽ രഞ്ജിനിയുടെ ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിടില്ലെന്നാണ് തീരുമാനം. സംസ്ഥാന സർക്കാർ റിപ്പോർട്ട് പുറത്തുവിടാനിരിക്കെയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.















