ഡിവൈഎഫ്ഐയുടെ പോർക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവ്. വയനാട്ടിലെ ദുരിതബാധിരെ സഹായിക്കാനെന്ന പേരിൽ ഡിവൈഎഫ്ഐയുടെ കോതമംഗലം മുനിസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച ഫെസ്റ്റിനെതിരെയാണ് സമസ്ത നേതാവും എസ്-വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയത്. വയനാട്ടിൽ ദുരിതബാധിതരിൽ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതിയിരുന്നവരാണ്. അവരെ അവഹേളിക്കുന്നതാണ് പോർക്ക് ഫെസ്റ്റെന്നും സമസ്ത നേതാവ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ചലഞ്ചിൽ ഒളിച്ച് കടത്തുന്ന മതനിന്ദ എന്ന തലക്കെട്ടോടെയാണ് നാസർ ഫൈസി കൂടത്തായിയുടെ പോസ്റ്റ്.
“മതനിരപേക്ഷതയെ സങ്കര സംസ്കാരമാക്കുന്ന ചെഗുവേരിസം. വയനാട്ടിലെ ദുരിതത്തിൽ പെട്ടവർ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് DYFI കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നൽകുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരിൽ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാൽ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന “ന്യായം” അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല.”- നാസർ ഫൈസി കൂടത്തായി പറഞ്ഞു.