കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ ഭയമാണെന്ന് ഗവർണർ സി വി ആനന്ദ ബോസ്. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനാണെന്നും നിയമവാഴ്ച നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഗവർണർ തുറന്നടിച്ചു. ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടകളെ നിലയ്‌ക്ക് നിർത്താൻ സർക്കാരിന് കഴിഞ്ഞില്ല. മാനവരാശി മുഴുവൻ ചർച്ച ചെയ്യേണ്ട വിഷയമാണ് ബംഗാളിൽ നടന്നത്. നൂറുക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ വരുന്നു. അവർക്ക് അവിടെ നിൽക്കാൻ ഭയമാണ്. സർക്കാർ ഗുണ്ടാരാജ് പ്രോത്സാഹിപ്പിച്ചു.
നിയമവാഴ്ച നടത്തേണ്ട രാജ്യത്ത് നിയമം കൃത്യമായി നടത്താനുള്ള ഉത്തരവാദിത്തം മമത സർക്കാരിനുണ്ട്. അത് വേണ്ട രീതിയിൽ നടക്കുന്നില്ല. അതിനാലാണ് കോടതിയുടെ ഇടപെടലുണ്ടായത്. അതിക്രമങ്ങൾ എതിർക്കേണ്ട സമയത്ത് എതിർക്കണം. അല്ലാതെ എല്ലാം കഴിയുമ്പോഴല്ല ചെയ്യേണ്ടതെന്നും ഗവർണർ പറഞ്ഞു.















