പാലക്കാട്: പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ മനോഭാവത്തെ രൂക്ഷമായി വിമർശിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. രണ്ടാമത് ഭരണത്തിൽ എത്തിയപ്പോൾ പോലും പാവം പിടിച്ച കർഷകന്റെ വേദന മനസിലാക്കാൻ ഇടത് സർക്കാരിന് ആയിട്ടില്ല. നെൽകർഷകൻ കൂടിയായ മമ്മൂട്ടി പ്രശ്നത്തിൽ ഇടപെടണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കർഷദിനത്തിൽ കർഷക സംരക്ഷണസമിതിയുടെ റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ കൃഷിക്കാർ പറഞ്ഞാൽ കേൾക്കാത്ത സർക്കാരാണ് ഇവിടെ ഉളളത്. ഇനി കൃഷ്ണപ്രസാദോ ജയസൂര്യയോ പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിനോട് ഏറ്റവും അടുപ്പുമുള്ള അവരുടെ ചാനലിന്റെ ചെയർമാൻ കൂടിയായ മമ്മൂക്ക നെൽകർഷകനാണ്. അദ്ദേഹം കർഷകരുടെ വേദന സർക്കാരിനെ ധരിപ്പിക്കണം. ഇത്തവണ അമ്മയുടെ മീറ്റിംഗിന് മമ്മൂക്ക ഉണ്ടായിരുന്നെങ്കിൽ നേരിട്ട് ഇക്കാര്യം താൻ പറയുമായിരുന്നു. സെലിബ്രേറ്റികൾ പറയുമ്പോൾ മാത്രം കർഷകരുടെ വേദന തിരിച്ചറിയുന്ന സർക്കാരാണ് ഇവിടെ ഉള്ളത്.
കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ ഇവിടെ കുറയ്‌ക്കുകയാണ് ചെയ്യുന്നത്. എതാണ്ട് 3.45 രൂപ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചപ്പോൾ ഇവിടെ ലഭ്യമാകുന്നത് 28.2 രൂപ മാത്രമാണ്. മൂന്നാം നരേന്ദ്രമോദി സർക്കാർ ഭരണത്തിൽ കേറിയ ഉടനെ 1.17 രൂപ താങ്ങുവില ഇനത്തിൽ വർദ്ധിപ്പിച്ചു. എന്നാൽ അത് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇനി അതും കുറയ്‌ക്കുമോ എന്ന് പേടിയുണ്ട്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് അഭ്യർത്ഥന. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങൾ കർഷകർക്ക് പല ആനുകൂല്യങ്ങളും നൽകുമ്പോൾ ഇവിടെ കർഷകർ മുകളിലേക്ക് നോക്കി നിൽക്കുകയാണ്.
കർഷകരുടെ കൈയിലും വോട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം. കർഷകരെ തിരസ്കരിച്ച് കൊണ്ടുള്ള പ്രയാണം അത്രശുഭകരമല്ലെന്ന് ആലപ്പുഴയിലേയും പാലക്കാട്ടേയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിലൂടെ കാണിച്ചുകൊടുത്തു. ഇനിയും ഇലക്ഷൻ വരും സർക്കാരേ എന്ന് മാത്രമേ ഈ സമത്ത് പറയാനുള്ളൂവെന്നും കൃഷ്ണപ്രസാദ് മുന്നറിയിപ്പ് നൽകി.















