കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് പാറയ്ക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീൽ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. പാറയ്ക്കൽ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
കാഫിർ’ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ടുള്ള പാറയ്ക്കൽ അബ്ദുള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തനിക്ക് വലിയ അപമാനമുണ്ടാക്കി. പോസ്റ്റ് കാരണം ആളുകൾ തന്നെ തെറ്റിദ്ധരിച്ചെന്നും കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പോകുമ്പോൾ ആളുകൾ സംശയത്തോടെ വീക്ഷിക്കുന്നുവെന്നും റിബേഷ് വക്കീൽ നോട്ടീസിൽ വിവരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത് അഡ്വ. രാംദാസ് മുഖേനയാണ് റിബേഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാൽ മറുപടി അർഹിക്കാത്ത വക്കീൽ നോട്ടീസാണിതെന്ന് പാറയ്ക്കൽ അബ്ദുള്ള പ്രതികരിച്ചു. മൂന്ന് ദിവസമല്ല, എത്ര കാലമായാലും മറുപടി ഉണ്ടാകില്ല. 2024ലെ ഏറ്റവും വലിയ തമാശയാണ് റിബേഷിന്റെ വക്കീൽ നോട്ടീസെന്നും പാറയ്ക്കൽ അബ്ദുള്ള പ്രതികരിച്ചു. റിബേഷ് വക്കീൽ നോട്ടീസ് അയക്കേണ്ടത് തനിക്കല്ല. ആഭ്യന്തരമന്ത്രിക്കും വടകര പൊലീസിനുമാണ്. കോടതിയിൽ പൊലീസ് നൽകിയ സത്യവാങ്മൂലത്തിലാണ് റിബേഷിന്റെ പേര് പരാമർശിക്കുന്നത്. പൊലീസ് പറഞ്ഞതിലുപരിയായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് അവകാശപ്പെട്ടു.