കൊച്ചി: വനിതാ കമ്മീഷന്റെ പരാമർശത്തിനെതിരെ നടി രഞ്ജിനി. ഹൈക്കോടതിയിൽ നടി രഞ്ജിനി നൽകിയ ഹർജി തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുൻപില്ലാത്ത ആവശ്യമാണ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നതെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിലാണ് കമ്മീഷനെതിരെ നടി രഞ്ജിനി രംഗത്തുവന്നത്.
വനിതാ കമ്മീഷൻ എന്താ കോടതിയാണോ? ഞാൻ കൊടുത്ത കേസ് തള്ളിപ്പോകുമെന്ന് പറയാൻ അവരെന്താ ജഡ്ജാണോ? വനിതാ കമ്മീഷന്റെ പരാമർശം വളരെ നിരാശ ഉണ്ടാക്കുന്നതാണ്. എന്റെ കൂടെയാണ് വനിതാ കമ്മീഷൻ നിൽക്കേണ്ടിയിരുന്നത്. ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയ 50ഓളം സ്ത്രീകൾക്കൊപ്പമാണ് വനിതാ കമ്മീഷൻ നിൽക്കേണ്ടത്. അല്ലാതെ ഇത്തരത്തിൽ സംസാരിക്കുന്നത് വളരെ മോശമാണ്.
കമ്മിറ്റിയുടെ റിപ്പോർട്ടിൽ എങ്ങനെയാണ് എന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്, എന്ന് എനിക്ക് കാണണം, അറിയണം. ആ റിപ്പോർട്ടിന്റെ പകർപ്പ് എനിക്ക് തരികയും വേണം. റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരല്ല ഞാൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പബ്ലിഷ് ചെയ്യണമെന്ന് തുടക്കം മുതൽ പറഞ്ഞിട്ടുള്ളയാളാണ് ഞാൻ- നടി രഞ്ജിനി പറഞ്ഞു.















