വിർജീനിയ: സ്കിൻ കാൻസറിനെ ചികിത്സിക്കാൻ കഴിയുന്ന സോപ്പ് നിർമ്മിച്ച 15 കാരനെ കിഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്ത് ടൈം മാഗസിൻ. യുഎസിലെ വിർജീനിയയിൽ നിന്നുള്ള ഹേമാൻ ബെക്കെലെ എന്ന കൗമാരക്കാരന്റെ കണ്ടുപിടിത്തത്തിനാണ് ടൈം മാഗസിന്റെ ആദരം.
“ഞാൻ നിർമ്മിച്ച സോപ്പിന് ഒരു ദിവസം മറ്റൊരാളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ചിന്തിക്കുമ്പോൾ തികച്ചും അവിശ്വസനീയമായി തോന്നുന്നു. സോപ്പ് നിർമ്മിക്കാനുള്ള ആഗ്രഹം ഉടലെടുത്തതും ഇതിൽ നിന്ന് തന്നെ ,” ബെക്കെലെ പറഞ്ഞു.
എത്യോപ്യയിലായിരുന്നു ബെക്കലെ തന്റെ ബാല്യകാലം ചെലവഴിച്ചത്. സൂര്യാഘാതം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചെറിയ പ്രായത്തിൽ തന്നെ ബെക്കെലെ നിരീക്ഷിച്ചിരുന്നു. പിന്നീട് ബെക്കെലെയുടെ കുടുംബം യുഎസിലേക്ക് കുടിയേറിയ ശേഷം അവന് ഏഴുവയസുള്ളപ്പോൾ കിട്ടിയ ക്രിസ്മസ് സമ്മാനമാണ് ജീവിതത്തിൽ വഴിത്തിരിവായത്. സോഡിയം ഹൈഡ്രോക്സൈഡ് അടങ്ങിയ ഒരു കെമിസ്ട്രി സെറ്റ് ആയിരുന്നു അത്. രാസ പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോൾ തോന്നിയ കൗതുകം രസതന്ത്രത്തെ കൂടുതൽ അറിയാൻ ബെക്കലെയെ പ്രേരിപ്പിച്ചു.
അക്കാലത്താണ് സൂര്യപ്രകാശം ചർമത്തിൽ ഏൽപ്പിക്കുന്ന പ്രഹരത്തെക്കുറിച്ച് അവൻ കൂടുതൽ ഗൗരവത്തോടെ ചിന്തിക്കാനും തുടങ്ങിയത്. അങ്ങനെ സ്കിൻ ക്യാൻസറിനെയും അതിന്റെ ചികിത്സയെയും ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങളിൽ അവൻ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു.ആ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്നും അവൻ മനസിലാക്കിയിരുന്നു. അപ്പോഴാണ് സ്‌കിൻ ക്യാൻസർ ചികിത്സയ്‌ക്കുള്ള “ഇമിക്വിമോഡ്” എന്ന മരുന്നിനെക്കുറിച്ച് ബെക്കെലെ അറിയാനിടയായത്. ക്രീം ഫോമിലുള്ള “ഇമിക്വിമോഡ്” എന്തുകൊണ്ട് സോപ്പ് രൂപത്തിൽ തയ്യാറാക്കിക്കൂടായെന്ന് അവൻ ആലോചിച്ചു. ഇതോടെ സ്കിൻ ക്യാൻസറിന് പരിഹാരമാകുന്ന സോപ്പ് നിർമിക്കുന്നതിലേക്ക് 15 വയസുകാരൻ എത്തിപ്പെടുകയായിരുന്നു.















