കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി നിർഭയയുടെ അമ്മ ആശാദേവി. കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധ സമരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമത പരാജയപ്പെട്ടുവെന്നും, അവർ രാജിവച്ച് ഒഴിയണമെന്നും ആശാദേവി ആവശ്യപ്പെട്ടു. ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ മമതയ്‌ക്ക് സാധിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു.
” അവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരത്തിൽ ക്രൂരമായ ഒരു സംഭവം നടന്നത്. അവിടെ അവർ സ്വയം പ്രതിഷേധ സമരം നടത്തി ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു സ്ത്രീയാണ്. സംസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അവർക്ക് തന്റെ അധികാരം ഉപയോഗിക്കാമായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നതിന് പകരം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ശ്രമിക്കുന്നത്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട അവർ രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും” ആശാദേവി പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് എത്രയും വേഗം കർശന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടാകണമെന്നും, അല്ലാത്തപക്ഷം ഇനിയും ഇത്തരത്തിലുള്ള അതിക്രമങ്ങൾ തുടർക്കഥയാകുമെന്നും ഇവർ പറയുന്നു. അതേസമയം ആർജി കാർ മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശുപത്രിയിലോ സമീപത്തോ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. ആശുപത്രിക്ക് മുന്നിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇപ്പോഴും പ്രതിഷേധ സമരങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.















