ഛന്യൂഡൽഹി: മതേതര സിവിൽ കോഡ് മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്. ഇന്ത്യയിലെ മുസ്ലീം സമൂഹം ശരിഅത്തിൽ അധിഷ്ഠിതമായാണ് ജീവിക്കുന്നത്. അതിനാൽ ഏകീകൃത സിവിൽ കോഡ് തങ്ങൾ സ്വീകരിക്കില്ലെന്നും മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങളാണ് മുസ്ലീം സമൂഹത്തിന് താത്പര്യം. ഇന്ത്യയിലെ മുസ്ലീങ്ങളുടെ കുടുംബ നിയമങ്ങൾ ശരീഅത്തിൽ അധിഷ്‌ഠിതമാണ്. ഇതിൽ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ല. മതേതര സിവിൽ കോഡ് ഗൂഢാലോചനയാണ്. പാശ്ചാത്യ രാജ്യങ്ങളെ പകർത്തി മതേതര നിയമങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം എതിർക്കും, മുസ്ലീം വ്യക്തി നിയമ ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു.
മതത്തിന്റെ പേരിൽ വിഭജിക്കുകയും വിവേചനം വളർത്തുകയും ചെയ്യുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്നും രാജ്യത്ത് മതേതര സിവിൽ കോഡ് ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ പ്രതികരണം.















