പാരിസ് ഒളിമ്പിക്‌സിൽ രാജ്യം ഉറ്റുനോക്കിയ, ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട മത്സരങ്ങളിലൊന്നായിരുന്നു ജാവലിൻത്രോ. മത്സരത്തിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര മികച്ച പ്രകടനം കാഴ്ച വച്ച് വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. പാകിസ്താന്റെ അർഷാദ് നദീമാണ് സ്വർണം സ്വന്തമാക്കിയത്. കളിക്കളത്തിൽ ഇരുവരും എതിരാളികളാണെങ്കിലും പുറത്ത് ഉറ്റ സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മത്സരത്തിന് ശേഷം മാദ്ധ്യമങ്ങൾക്ക് പ്രതികരണം നൽകുന്നതിനിടെ ഒരു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഇരുവരും നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. അർഷാദിന്റെ ജീവതത്തെ ആസ്പദമാക്കി സിനിമ എടുക്കുകയാണെങ്കിൽ ആരെയായിരിക്കും നായകനായി തെരഞ്ഞെടുക്കുകയെന്നായിരുന്നു മാദ്ധ്യമപ്രവർത്തകൻ നീരജിനോട് ചോദിച്ചത്. ഒട്ടും ആലോചിക്കാതെ നീരജ് പറഞ്ഞതാകട്ടെ അമിതാഭ് ബച്ചനെന്നും. അർഷാദിന് നല്ല ഉയരമുള്ളതിനാൽ അമിതാഭ് ബച്ചനായിരിക്കും സിനിമയിൽ അഭിനയിക്കാൻ ഉചിതമെന്നായിരുന്നു നീരജിന്റെ മറുപടി.
നീരജിന്റെ ജീവിതം സിനിമയാക്കുമ്പോൾ ആരെയായിരിക്കും അർഷാദ് തെരഞ്ഞെടുക്കയെന്ന് മാദ്ധ്യമ പ്രവർത്തകൻ തിരിച്ചും ചോദിച്ചിരുന്നു. എന്നാൽ പാകിസ്താൻ സിനിമാ താരങ്ങളെ ഒഴിവാക്കി താരം പറഞ്ഞത് ഷാരൂഖ് ഖാൻ എന്നായിരുന്നു. നീരജിന്റെ ജീവിതകഥ അദ്ദേഹം മനോഹരമായി അവതരിപ്പിക്കുമെന്നായിരുന്നു അർഷാദിന്റെ മറുപടി.
മത്സരത്തിന് ശേഷം അർഷാദിന് അഭിനന്ദനങ്ങൾ അറിയിച്ച് നീരജിന്റെ അമ്മയും രംഗത്തെത്തിയിരുന്നു. അവനും തന്റെ മകനാണെന്നായിരുന്നു നീരജിന്റെ അമ്മയുടെ പ്രതികരണം.