ജമ്മു: ജമ്മു കശ്മീർ മുൻ മന്ത്രി ചൗധരി സുൾഫിക്കർ അലി ബിജെപിയിൽ. ജമ്മുവിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിർണായക രാഷ്‌ട്രീയനീക്കം.
2015 മുതൽ 2018 വരെയാണ് അദ്ദേഹം സംസ്ഥാനത്ത് കാബിനറ്റ് മന്ത്രിയായിരുന്നത്. മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചൗധരി സുൾഫിക്കർ അലി പിന്നീട് അൽതാഫ് ബുഖാരി നേതൃത്വം നൽകിയ ജമ്മു – കശ്മീർ അപ്‌നി പാർട്ടിയുടെ സ്ഥാപക നേതാവായി. പാർട്ടിയുടെ വൈസ് പ്രസിഡന്റായിരുന്നു.
ഗുജ്ജർ സമുദായത്തിൽ നിന്നുളള നേതാവാണ് ചൗധരി സുൾഫിക്കർ. രജൗരിയിൽ നിന്നുളള അദ്ദേഹത്തിന് പീർ പാഞ്ചാൽ മേഖലയിൽ വിപുലമായ സ്വാധീനമുണ്ട്. വിദ്യാർത്ഥികാലഘട്ടം മുതൽ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു ചൗധരി സുൾഫിക്കർ അലി. ജമ്മു സർവ്വകലാശാലയുടെ വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റായിരുന്നു.
സെപ്തംബർ 18 മുതലാണ് കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 18 ന് ഒന്നാം ഘട്ടവും 25 ന് രണ്ടാം ഘട്ടവും നടക്കും. ഒക്ടോബർ ഒന്നിനാണ് മൂന്നാം ഘട്ടം. നാലിനാണ് വോട്ടെണ്ണൽ.
കശ്മീരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുളള കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾ ചൗധരി സുൾഫിക്കറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ജമ്മു കശ്മീർ പ്രഭാരിയുമായ തരുൺ ചുഗ്, ജമ്മു കശ്മീർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയന, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.