തിരുവനന്തപുരം: നാല് വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഗന്ധർവ്വഗായകൻ യേശുദാസ് കേരളത്തിലേക്ക്. സൂര്യാ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസിൽ നിന്ന് എത്തുന്നതെന്നാണ് സൂചന.
ഒക്ടോബർ ഒന്നിണ് സൂര്യാ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. അന്നേദിവസം യേശുദാസിന്റെ കച്ചേരി നടക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു. ചെന്നൈയിലെ മാർഗഴി ഫെസ്റ്റിൽ ഉൾപ്പെടെ യേശുദാസ് കച്ചേരി അവതരിപ്പിക്കുമെന്നാണ് വിവരം.
യേശുദാസിന്റെ കൂടി നേതൃത്വത്തിൽ 47 വർഷം മുൻപാണ് സൂര്യ ഫെസ്റ്റിവൽ ആരംഭിച്ചത്. കഴിഞ്ഞ നാല് വർഷം ഒഴികെ ബാക്കിയെല്ലാ വർഷങ്ങളിലും അദ്ദേഹം കച്ചേരി നടത്തിയിരുന്നു. കോവിഡ് കാലത്താണ് യേശുദാസ് യുഎസിലേക്ക് പോയത്. പിന്നീട് അദ്ദേഹം കേരളത്തിൽ വന്നില്ല.
84–ാം വയസ്സിലും യുഎസിലെ വീട്ടിൽ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം. അപൂർവ്വമായെങ്കിലും അമേരിക്കയിലെ വേദികളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചിരുന്നു. കേരളത്തിൽ നടക്കുന്ന പല പരിപാടികളിലും അദ്ദേഹം ഓൺലൈനായും പങ്കെടുത്തിരുന്നു.















