കൊല്ലം: പുനലൂരിൽ കശാപ്പിന് കൊണ്ടുവന്ന കാള വിരണ്ടോടി. റോഡിലൂടെ നടന്നുവന്ന വിദ്യാർഥിയെ കാള ആക്രമിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻവശത്തെ ചില്ലും കാള തകർത്തു.
പുനലൂർ ചൗക്കയിൽ സെന്റ് ഗോരേറ്റി സ്കൂളിന് സമീപത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിക്കപ് വാനിൽ കൊണ്ടുവന്ന രണ്ട് കാളകളിൽ ഒന്നാണ് വിരണ്ട് ഓടിയത്.
ട്യൂഷൻ സെന്ററിൽ നിന്നും മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥി ആദിത്യനാണ് പരിക്കേറ്റത്. പരിക്കേറ്റ ആദിത്യൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് കാളയെ പിടിച്ചുകെട്ടിയത്.
അലക്ഷ്യമായി കാളയെ കൊണ്ടുവന്നതിന് ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കാളയെ വാഹനത്തിൽ കൊണ്ടു പോകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.















