ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റ് ചെയ്ത വ്യക്തിക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി സംഗീതജ്ഞൻ ഗോപി സുന്ദർ. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് പരമ്പരാഗത വേഷമണിഞ്ഞ് നിൽക്കുന്ന ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നുവെന്നും പോസ്റ്റിന് താഴെ വന്ന മോശം കമന്റ് തന്റെ വയസായ അമ്മയെ അടക്കം അപമാനിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നും പരാതിയിൽ ഗോപി സുന്ദർ പറയുന്നു.
അപമാനകരമായ രീതിയിൽ കമന്റ് ചെയ്തയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ വിശദാശംങ്ങളും അയാൾ പോസ്റ്റ് ചെയ്ത മോശം കമന്റുകളും പരാതിയിൽ ഗോപി സുന്ദർ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീലവും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം കേസെടുക്കാൻ തയ്യാറാകണമെന്നും പരാതി പരിഹരിച്ചുകൊണ്ട് തനിക്ക് നീതി ഉറപ്പാക്കണമെന്നും താരം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഗോപി സുന്ദർ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. “ഇനി നമുക്ക് സപ്താഹം വായിക്കാം” എന്ന തലക്കെട്ടോടെ പരാതിയുടെ പകർപ്പും ഗോപി സുന്ദർ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി താൻ സോഷ്യൽ മീഡിയയിൽ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശങ്ങളാണ് ചില പ്രൊഫൈലുകളിൽ നിന്നുള്ളവർ പൊതുമധ്യത്തിൽ രേഖപ്പെടുത്തുന്നതെന്നും പരാതിയിൽ താരം ചൂണ്ടിക്കാണിച്ചു.















