മുംബൈ: സ്കൂളിൽ നിന്ന് നൽകിയ ബിസ്ക്കറ്റ് കഴിച്ച 80 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ യുപി സ്കൂളിലാണ് സംഭവം.
ശനിയാഴ്ച രാവിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായാണ് കുട്ടികൾക്ക് ബിസ്ക്കറ്റ് കഴിക്കാൻ നൽകിയത്. ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഓക്കാനവും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. തുടർന്ന് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ആകെ 296 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.
ആരോഗ്യനില മോശമായ ഏഴ് വിദ്യാർത്ഥികളെ കൂടുതൽ ചികിത്സയ്‌ക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സ്ഥലം എംപി സന്ദീപൻ ഭുംരെ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ ബിസ്ക്കാറ്റാണോ കുട്ടികൾക്ക് നൽകിയതെന്നും പരിശോധിക്കുന്നുണ്ട്.















