കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാജപ്രചരണം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവിന് നൊട്ടീസ് നൽകി പൊലീസ്. എംപിയായ സുഖേന്ദു ശേഖർ റോയിയാണ് കൊലപാതകവുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾ നടത്തിയത്.
യുവതിയുടെ മൃതദേഹം കണ്ടെത്തി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സംഭവസ്ഥലത്തേക്ക് സിനിഫർ ഡോഗ് സ്‌ക്വാഡ് എത്തിയതെന്നായിരുന്നു സുഖേന്ദു ഉന്നയിച്ചത്. എന്നാൽ ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നും മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ രണ്ട് തവണ സ്‌നിഫർ ഡോഗ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തിയെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണറെയും ചോദ്യം ചെയ്യണമെന്ന് സുഖേന്ദു ആവശ്യപ്പെട്ടിരുന്നു.
കൊലപാതകത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസിൽ നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമാവുകയാണ്. ഇതിന് പിന്നാലെയാണ് കോളേജിലെ മുൻ പ്രിൻസിപ്പലിനെയും പൊലീസ് കമ്മീഷണറെയും ചോദ്യം ചെയ്യണമെന്നും യുവതിയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി സുഖേന്ദു രംഗത്തെത്തിയത്. കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷം പൊലീസ് സ്‌നിഫർ ഡോഗിനെ സംഭവ സ്ഥലത്തെത്തിച്ചതെന്തിനാണെന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്. ഇതെല്ലാം സിബിഐ പരിശോധിക്കണമെന്നും സുഖേന്ദു ശേഖർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ സുഖേന്ദുവിന് പൊലീസ് നോട്ടീസ് നൽകി. കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്നും ഇത് പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിന് വഴിയൊരുക്കുമെന്നും പൊലീസ് പറഞ്ഞു.















