വാഷിംഗ്ടൺ: യുഎസിൽ പടർന്നുപിടിച്ച് ‘സ്ലാപ്പ്ഡ് ചീക്ക് വൈറസ്’. കവിളുകൾ ചുവന്നു വീർക്കുന്ന സ്ലാപ്പ്ഡ് ചീക്ക് വൈറസ് അഥവാ പാർവോ വൈറസ് ബി19 കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു. വൈറസ് ബാധ ഗർഭിണികളിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിഭാഗം മുന്നറിപ്പ് നൽകുന്നു.
5 വയസിനും 9 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരിക്കുന്നതെന്ന് ഏജൻസി പറഞ്ഞു. പാർവോ വൈറസ് ശ്വാസോച്ഛ്വാസ കണികകളിലൂടെ വളരെ പെട്ടന്ന് പകരുന്ന രോഗമാണ്. വൈറസ് ബാധിച്ച് ഒരാഴ്ചയ്‌ക്കുള്ളിൽ പനി,ദേഹാസ്വാസ്ഥ്യം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. തുടർന്നുള്ള ആഴ്ചകളിൽ കവിളുകളിൽ ചുവന്നുവീർത്ത പാടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും.
പലർക്കും പ്രാഥമിക പരിചരണംകൊണ്ട് തന്നെ ഭേദമാകുന്നുണ്ടെങ്കിലും ഗർഭിണികളിൽ വൈറസ് ബാധ ഗുരുതര പ്രത്യഘാതങ്ങളാണുണ്ടാക്കുന്നത്. ഗർഭസ്ഥ ശിശുവിൽ വിളർച്ച, ഗർഭസ്ഥ ശിശുവിന് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി ഗർഭച്ഛിദ്രം വരെ സംഭവിക്കാം. 9 മുതൽ 18 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുക്കളിലാണ് അപകട സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു.