ലോണാവാല: മഹാരാഷ്‌ട്രയിലെ ലോണാവാലയിലെ നാവികസേനാ താവളം ഐഎൻഎസ് ശിവാജി സന്ദർശിച്ച് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി. സ്റ്റേഷനിലെ വിവിധ പരിശീലന പ്രവർത്തനങ്ങളും സൗകര്യങ്ങളും അദ്ദേഹം പരിശോധിച്ചു.
പരിശീലനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും നൂതന സാങ്കേതികവിദ്യകളും പദ്ധതികളും ഉൾപ്പെടുത്തിയതിൽ അദ്ദേഹം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. സമുദ്ര സുരക്ഷയിൽ രാജ്യതാൽപര്യം സംരക്ഷിക്കുകയെന്ന നാവികസേനയുടെ പ്രധാനലക്ഷ്യം നേടിയെടുക്കുന്നതിൽ നാവികസേനാംഗങ്ങളുടെ പരിശീലനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് നാവികസേനാ മേധാവി പറഞ്ഞു.
ഐഎൻഎസ് ശിവാജിയിലെ 50 സേനാംഗങ്ങൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. സ്‌റ്റേഷനിലെ വിവിധ പരിശീലന രീതികളും അദ്ദേഹത്തോട് വിശദീകരിച്ചു.
അഡ്മിറൽ ആർ ഹരികുമാർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 30-ന് ആണ് ഇന്ത്യൻ 26-ാമത് നാവികസേനാ മേധാവിയായി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ചുമതലയേറ്റത്.















