ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യ- നേപ്പാൾ പതിവ് ഉന്നത തല ഉഭയകക്ഷി ചർച്ചകൾ തുടരുന്നതിനാണ് സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബക്ക് സ്വാഗതം”. സന്ദർശനം പതിവ് ഇന്ത്യ- നേപ്പാൾ ഉന്നതതല ഉഭയകക്ഷി ചർച്ചയുടെ ഭാഗമായാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവാണിതെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി വരുന്ന ജയശങ്കറുമായി നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ കൂടിക്കാഴ്ച നടത്തുമെന്നും കൂടിക്കാഴ്ചയിൽ നേപ്പാൾ – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.















