ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡെന്മാർക്കിലെ എസ്ബിയോഗിലെത്തി. തബാറിന്റെ സന്ദർശനം ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി നാവികസേനാ വക്താവ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ സമുദ്രമേഖലയിൽ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശനം ലക്ഷ്യമിടുന്നതെന്ന് നാവികസേനാ വക്താവ് പറഞ്ഞു. ഇന്ത്യൻ നാവികസേനയ്‌ക്ക് വേണ്ടി റഷ്യയിൽ നിർമ്മിച്ച മുൻനിര യുദ്ധക്കപ്പലാണ് ഐഎൻഎസ് തബാർ. വിവിധ ആയുധങ്ങളും സെൻസറുകളും സജ്ജമാക്കിയിരിക്കുന്ന തബാർ നാവികസേനയുടെ ആദ്യകാല സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഒന്നാണ്.
ഡെന്മാർക്ക് സൈന്യവുമായി വിവിധ തലങ്ങളിൽ തബാറിലെ ക്രൂ സംഘം ആശയവിനിമയം നടത്തുകയും ഇടപഴകുകയും ചെയ്യും. ലോകത്തെ മറ്റ് നാവിക സേനകളുമായും ഊഷ്മളമായ ബന്ധമാണ് ഇന്ത്യൻ നാവികസേന ആഗ്രഹിക്കുന്നതെന്നും നാവികസേന വക്താവ് പറഞ്ഞു.
ക്യാപ്റ്റൻ എം.ആർ.ഹരീഷ് ആണ് കപ്പൽ കമാൻഡർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗമാണ് കപ്പൽ.















