ന്യൂഡൽഹി: മുഖ്യമന്ത്രി മമത ബാനർജിയോടും തൃണമൂൽ കോൺഗ്രസിനോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മകൾക്ക് നീതി ലഭിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ പൊലീസ് കേസ് കൈകാര്യം ചെയ്തത് കണ്ടപ്പോൾ മമതയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു.
” മമത ബാനർജിയിലും തൃണമൂൽ കോൺഗ്രസിലുമുണ്ടായിരുന്ന വിശ്വാസം അവരായി തന്നെ നഷ്ടപ്പെടുത്തി. എന്റെ മകളെ ക്രൂരമായി കൊലപ്പെടുത്തി. പ്രതികളെ കണ്ടെത്തുന്നതിൽ മമത സർക്കാർ സ്വീകരിച്ച നടപടികൾ കണ്ടപ്പോൾ തന്നെ ആരെയൊക്കെയോ സംരക്ഷിക്കാൻ അവർ ശ്രമിക്കുന്നത് പോലെ തോന്നി. സിബിഐ ഇപ്പോൾ കേസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മമതയ്‌ക്ക് കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നായിരുന്നു. അതിനായി അവർ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നു.”- വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമായി മമത നടത്തുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അമ്മമാർ നിങ്ങളുടെ പെൺമക്കൾ സുരക്ഷിതരാണോയെന്ന് ആദ്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരോടും മറ്റും ഉന്നത ഉദ്യോഗസ്ഥരോടും കൊലപാതകവുമായി ബന്ധപ്പെട്ട് ഞങ്ങൾ ചോദിച്ചിരുന്നു.
എല്ലാവരും പറയുന്നത് ഒരേ മറുപടി തന്നെ. ഒരാൾക്ക് ഒറ്റയ്‌ക്ക് ഇതുപോലെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ സാധിക്കില്ല. പിന്നെ എങ്ങനെയാണ് കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പൊലീസ് പ്രതിയെ പിടികൂടിയതെന്നും പിതാവ് ചോദിച്ചു. കൊലപാതകത്തിൽ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി സിബിഐ കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.