തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വഴിപാടുകൾക്കായുളള കടലാസ് രസീതുകൾ മാറ്റാൻ സമയമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഓർമ്മിപ്പിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. കണക്കുകൾ ഓഡിറ്റ് ചെയ്യാനെടുക്കുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.
കടലാസ് രസീതുകളായതിനാൽ ഓഡിറ്റ് ചെയ്യാൻ താമസമെടുക്കുന്നുണ്ട്. ഓഡിറ്റ് വിഭാഗത്തിൽ ജോലിഭാരത്തിന് അനുസരിച്ചുളള ജീവനക്കാരുടെ വിന്യാസം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇല്ല. അതുകൊണ്ടു തന്നെ സാമ്പത്തിക ക്രമക്കേടും മറ്റും കൃത്യമായി കണ്ടെത്തുന്നതിലും വീഴ്ച വരുന്നുണ്ടെന്ന് വകുപ്പ് വിലയിരുത്തുന്നു.
ഇ- ഓഫീസ് ഇല്ലാത്തതും കംപ്യൂട്ടർവൽക്കരണം ഉൾപ്പെടെയുളള സംവിധാനങ്ങൾ ഒരുക്കുന്നതിലും ബോർഡ് പിന്നിലാണ്. ഇത് ബോർഡിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് കുറ്റപ്പെടുത്തി. വാർഷിക ഓഡിറ്റ് എടുക്കാത്ത ക്ഷേത്രങ്ങളിൽ പിന്നീടുളള പരിശോധനകളിൽ കണ്ടെത്തിയത് വലിയ ക്രമക്കേടുകളാണ്. എട്ടു ക്ഷേത്രങ്ങളിലാണ് ഇങ്ങനെ ക്രമക്കേട് കണ്ടെത്തിയത്. ഇക്കാര്യവും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഒരു വർഷത്തിനകം സമ്പൂർണ ഡിജിറ്റൈസേഷൻ നടപ്പിലാക്കാനാണ് ശ്രമമെന്നും ഇതിനുളള നീക്കങ്ങൾ തുടങ്ങിയതായും ദേവസ്വം ബോർഡ് അറിയിച്ചു.