‘ ആലുവാ പുഴയുടെ തീരത്ത് ആരോരും ഇല്ലാ നേരത്ത്..” പ്രേമത്തിലെ ആ ഗാനം കേൾക്കുമ്പോൾ തന്നെ ബഹുഭൂരിപക്ഷം ആളുകളുടെയും മനസിലേക്ക് ഓടിയെത്തുന്നത് സിനിമയിലെ പാലത്തിന്റെ മനോഹര ദൃശ്യങ്ങളായിരിക്കും. നിവിൻ പോളിയും അനുപമ പരമേശ്വറും അഭിനയിച്ചു തകർത്ത സിനിമയിലെ പാലത്തിന്റെ ഭംഗി വേറെ തന്നെയായിരുന്നു. പ്രേമം പാലം എന്നറിയപ്പെടുന്ന ആലുവയിലെ നീർപ്പാലമാണ് സിനിമാ പ്രേമികളുടെ കണ്ണിലുടക്കിയത്. എന്നാൽ ഈ പാലം അടച്ചുപൂട്ടിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രേമം പുറത്തിറങ്ങിയതോടെ പ്രേമം പാലം കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായി. ഇതോടെ കമിതാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം കാരണം പാലത്തിലൂടെ നടക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സാമൂഹ്യ വിരുദ്ധർ പ്രദേശവാസികളെ കയ്യേറ്റം ചെയ്ത സംഭവങ്ങളടക്കം അരങ്ങേറിയതോടെ പാലം അടച്ചുപൂട്ടാനുള്ള തീരുമാനത്തിലേക്ക് നാട്ടുകാരും വാർഡ് കൗൺസിലറുമെത്തുകയായിരുന്നു.
45 വർഷം പഴക്കമുള്ള പാലം ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നിർമിച്ചത്. 4 കിലോമീറ്റർ ദൂരമാണ് പാലത്തിനുള്ളത്. സിനിമകളിലൂടെ പാലം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോൾ ഇത് കാണാൻ എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഇവർ നാട്ടുകാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ പാലം അടയ്‌ക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.















