തേങ്ങാക്കൊത്തു പോലെ അർദ്ധ രൂപത്തിൽ, ചിലപ്പോൾ പൂർണ വട്ടത്തിൽ അങ്ങനെ വ്യത്യസ്ത രൂപങ്ങളിലാണ് ചാന്ദ്രവിസ്മയം ആകാശത്ത് ദൃശ്യമാകുന്നത്. ചിലപ്പോൾ വിവിധ നിറങ്ങളിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കും. അത്തരത്തിൽ ഇന്ന് ആകാശത്തേക്ക് നോക്കിയാൽ സൂപ്പർ മൂൺ, ബ്ലൂ മൂൺ പ്രതിഭാസം കാണാമെന്നാണ് ഗവേഷകർ പറയുന്നത്.
ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ അടുത്ത് നിൽക്കുമ്പോഴാണ് പൂർണ ചന്ദ്രനായി പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ കാണുന്ന ചന്ദ്രനാണ് സൂപ്പർ മൂൺ. നാല് പൂർണ ചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും ഒരേദിവസത്തിൽ നടക്കുന്നത് അപൂർവ്വ നിമിഷങ്ങളാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്കാണ് സൂപ്പർ മൂൺ- ബ്ലൂ മൂൺ പ്രതിഭാസം ദൃശ്യമാവുക.
ഒരു വർഷത്തിൽ മൂന്നോ നാലോ സൂപ്പർമൂൺ പ്രതിഭാസമുണ്ടാകുന്നു. സെപ്റ്റംബർ 17, ഒക്ടോബർ 17, നവംബർ 15 തുടങ്ങിയ തീയതികളിലും അടുത്ത സൂപ്പർമൂണിനെ കാണാം. ബ്ലൂമൂൺ രണ്ട് തരത്തിലാണെന്ന് ഗവേഷകർ പറയുന്നു.
നിശ്ചിത കാലയളവിൽ ദൃശ്യമാകുന്നതും മാസത്തിൽ പ്രത്യക്ഷപ്പെടുന്നതുമുണ്ട്. ഇതിൽ സീസണലായി പ്രത്യക്ഷപ്പെടുന്നതാണ് ഇന്ന് ആകാശത്ത് ദൃശ്യമാകുന്നത്. എന്നാൽ ഇത്തരം മൂണിന് നീലനിറവുമായി ബന്ധമില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. വായുവിലെ പൊടികണങ്ങളുമായി കൂടിചേരുമ്പോഴാണ് ചന്ദ്രന്റെ നിറങ്ങളിൽ മാറ്റം വരുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.















