ഒരു ഭാരതീയനെയും രോമാഞ്ചം കൊള്ളിക്കുന്ന കഥയുമായി നടൻ വിക്കി കൗശൽ. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ചാവ’യുടെ ടീസർ പുറത്തിറങ്ങി. ഇതാദ്യമായാണ് വിക്കി കൗശൽ ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നത്. രൂപത്തിലും ഭാവത്തിലും അടിമുടി ആവേശം കൊള്ളിക്കുകയാണ് താരം. ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചരിത്ര സിനിമയാണ് ചാവ.
സ്വരാജ്യത്തിന്റെയും ധർമ്മത്തിന്റെയും സംരക്ഷകനായ ധീരനായ ഒരു പോരാളിയുടെ ഇതിഹാസ കഥ ഓരോ ഭാരതീയനെയും അഭിമാനത്തിന്റെ നെറുകിൽ എത്തിക്കും. പൂർണ്ണ കവചം ധരിച്ച് സംബാജി മഹാരാജാവ് കുതിരപ്പുറത്ത് കയറുന്നതാണ് ടീസറിന്റെ തുടക്കം. പിന്നീടങ്ങോട്ട് ഒറ്റയാൾ സൈന്യമായി മുഗളന്മാരോട് ആ ധീരൻ യുദ്ധം ചെയ്യുന്നു. ചക്രവർത്തിയായി സിംഹാസനത്തിൽ ഇരിക്കുന്നതാണ് ടീസറിലെ അവസാനത്തെ ഷോട്ട്.
ഔറംഗസേബായി വേഷം ചെയ്യുന്ന അക്ഷയ് ഖന്നയുടെ രൂപഭാവവും ഞെട്ടിക്കുന്നതാണ്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഋഷി വിർമണി രചനയും എ ആർ റഹ്മാൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഡിസംബർ ആറിന് റിലീസ് ചെയ്യും.
ഔറംഗസീബിന്റെ പടുകൂറ്റൻ സൈന്യവുമായി 9 വർഷത്തോളം സംബാജി മഹാരാജാവ് ഒറ്റയ്‌ക്ക് പോരാടിയിരുന്നു. പലതവണ ക്രൂരമായി പീഡിപ്പിച്ചെങ്കിലും ഔറംഗസേബിന് മുന്നിൽ ഭാരത മാതാവിന്റെ ആ പുത്രൻ തലകുനിച്ചിട്ടില്ല. മുഗൾ സാമ്രാജ്യത്തിനെതിരെ നടത്തിയ യുദ്ധങ്ങളിലൊന്നും പരാജയമറിയാത്ത വീരൻ ആയിരുന്നു അദ്ദേഹം. ഔറംഗസേബെന്ന മതവെറിയന് എന്നും പേടി സ്വപ്നമായിരുന്ന ഭവാനീപുത്രൻ.















