കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നുതന്നെ പുറത്തുവിടുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടത് കേരളത്തിന്റെ പൊതുസമൂഹത്തിന്റെ ആവശ്യകതയാണെന്നും സതീദേവി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പ്രസിദ്ധീകരിക്കട്ടെ, വനിതാ കമ്മീഷനും അതാണ് ആഗ്രഹിച്ചതെന്നും അവർ പ്രതികരിച്ചു.
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന നിയമം പോലും സിനിമ മേഖലയിൽ ഉണ്ടായിരുന്നില്ല. നടിയുടെ ഹർജി തള്ളിയ സാഹചര്യത്തിൽ ഇന്ന് തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. അന്തസ്സും അഭിമാനവും സംരക്ഷിക്കുന്ന വിധമാകും റിപ്പോർട്ടെന്ന് കരുതുന്നു. മറ്റു സംസ്ഥാനങ്ങളിൽ പോലും ഇല്ലാത്ത സംവിധാനമാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് മറ്റു സംസ്ഥാനങ്ങളിലെ സിനിമാ രംഗത്തും മാതൃകയാകും.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച് റിപ്പോർട്ട് ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് പുറത്തുവരുന്നത്. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തുവിടുക. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ 81 മുതൽ 100 വരെയുള്ള പേജുകളിലെ വിവരവും റിപ്പോർട്ടിന്റെ അനുബന്ധവും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയും റിപ്പോർട്ടിന്റെ പകർപ്പ് തനിക്ക് ലഭിച്ചതിന് ശേഷമേ പുറത്തുവിടാവൂ എന്ന നടി രഞ്ജിനിയുടെ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2.30ന് റിപ്പോർട്ട് പുറത്തുവിടുന്നത്.















