കൊച്ചി: നടി രഞ്ജിനി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച്. ഇന്ന് ഉച്ചയ്‌ക്ക് 2.30ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടിയുടെ അടിയന്തര ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ വേണമെന്നായിരുന്നു രഞ്ജിനിയുടെ വാദം. എന്നാൽ ജസ്റ്റിസ് വി.ജി അരുൺ ആവശ്യം നിരസിച്ചു.
നേരത്തെ രഞ്ജിനിയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു രഞ്ജിനിയുടെ ഹർജി തള്ളിയത്. തുടർന്ന് രഞ്ജിനിയുടെ അഭിഭാഷകൻ സിംഗിൾ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ഹേമാ കമ്മിറ്റി രഞ്ജിനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലുകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നത് എപ്രകാരമാണെന്ന് അറിയണമെന്നും റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ച് അത് ഉറപ്പുവരുത്തുന്നത് വരെ സ്റ്റേ വേണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. റിപ്പോർട്ട് പുറത്തുവിടുന്നത് അടിയന്തരമായി തടയണമെന്ന രഞ്ജിനിയുടെ ആവശ്യം സിംഗിൾ ബെഞ്ചും തള്ളുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ പത്ത് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കോടതിയുടെ നിർണായക ഉത്തരവ്.















