എറണാകുളം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെയുള്ള ക്രൂരതകൾ വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ പ്രതികരിച്ച്, നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെങ്കിൽ സംഭവം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ആരെല്ലാമാണ് പരാതിപ്പെട്ടിരിക്കുന്നത്, ആർക്കെല്ലാം എതിരെയാണ് പരാതി എന്നെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.
” സെൻസിറ്റീവായ വിഷയമാണിത്. അതിനാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾക്കെതിരെ ആക്രമണങ്ങളും വിവേചനങ്ങളും നടന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി സ്വീകരിക്കും. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളും.”- സിദ്ദിഖ് പറഞ്ഞു.
സ്ത്രീകൾക്ക് വസ്ത്രങ്ങൾ മാറാനുള്ള സൗകര്യം ഒരുക്കുന്നില്ലെന്ന പരാതികളടക്കം റിപ്പോർട്ടിൽ പറയുന്നുണ്ട്. പണ്ട് കാലത്ത് അതിനുള്ള സൗകര്യങ്ങൾ കുറവായതിനാൽ പലപ്പോഴും സ്ത്രീകൾ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇന്നത്തെ കാലത്തും സ്ത്രീകൾക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നില്ലെങ്കിൽ അത് തെറ്റാണെന്നും നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് വ്യക്തമാക്കി.
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഹേമ കമ്മിറ്റി പുറത്തുവിട്ടിരിക്കുന്നത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് അതിക്രൂരമായ പീഡനങ്ങളും മാനസിക സംഘർഷങ്ങളുമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രമുഖ നടന്മാരിൽ നിന്നും പീഡനങ്ങൾ സ്ത്രീകൾക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും നഗ്നത പ്രദർശനത്തിന് ഇരയാവുന്നു.
ചൂഷണം ചെയ്യുന്നവർക്ക് വേണ്ടി ഇടനിലക്കാരായി പ്രൊഡക്ഷൻ കൺട്രോളർ പ്രവർത്തിക്കുന്നു. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് മുദ്രകുത്തി പുറത്താക്കുകയാണ് പതിവ്. ഇത്തരത്തിൽ സിനിമാ മേഖലയിൽ അടിമുടി സ്ത്രീവിരുദ്ധതയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്.















