തിരുവനന്തപുരം: സ്ത്രീകൾ നേരിടുന്ന പ്രശ്ങ്ങൾ സിനിമാരംഗത്ത് മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. രാഷ്‌ട്രീയം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്നും പീഡനം നേരിടുന്ന വിഷയങ്ങൾ താൻ നേരിൽ കണ്ടിട്ടില്ലെന്നും ഷൈൻ പറഞ്ഞു. പീഡനം നേരിടേണ്ടി വന്നവർ അത് പരാതി പറയുന്നതിന് മുൻപ് തന്നെ പീഡിപ്പിച്ചയാളുടെ കരണത്ത് മർദ്ദിച്ച് പ്രശ്നം ഒതുക്കി തീർക്കാവുന്നതേയുള്ളുവെന്നും ഷൈൻ പറഞ്ഞു. സിനിമ മേഖലയിലെ യുവതാരങ്ങൾക്കിടയിൽ മയക്കുമരുന്ന്,ലഹരി ഉപയോഗം വർദ്ധിച്ചുവെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.
സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാമേഖലയിൽ ആരെയും ഒന്നും നിർബ്ബന്ധിച്ച് ചെയ്യിപ്പിക്കാറില്ല. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ കണ്ടെത്തലുകൾ ഇവിടെ മാത്രം നിലനിൽക്കുന്ന കാര്യമല്ല. ഇങ്ങനെയുള്ള സംഭവങ്ങൾ വരുമ്പോൾ ആരോപണ വിധേയന്റെ കൂടെയും ഇരയുടെ കൂടെയും നിൽക്കേണ്ട അവസ്ഥ വരും. കാരണം രണ്ടുപേരും സഹപ്രവർത്തകരാണ്, ഷൈൻ പറഞ്ഞു.
സിനിമാമേഖലയിലെ ലഹരി ഉപയോഗം എന്നുപറയുമ്പോൾ അതിൽ മദ്യവും സിഗരറ്റും ഉൾപ്പെടും. അത് നിങ്ങൾക്ക് ദോഷകരമാണെന്ന് തോന്നുന്നെങ്കിൽ നിരോധിക്കണമെന്നും നടൻ പറഞ്ഞു. ജയിലിൽ പോയതെന്തിനാണെന്ന് ചോദിച്ചപ്പോൾ ക്ഷുഭിതനായ ഷൈൻ മാധ്യമ പ്രവർത്തകർക്കുനേരെ തട്ടിക്കയറുകയും ചെയ്തു.