ചണ്ഡീഗഡ്: രാജ്യം മുഴുവൻ രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ കുടുംബത്തെ വിട്ട് അതിർത്തിയിൽ രക്ഷകരായി നിൽക്കുന്ന ബിഎസ്എഫ് ജവാന്മാരോടൊപ്പം രക്ഷാബന്ധൻ ആഘോഷമാക്കി യുവതികൾ. പഞ്ചാബ് അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ജവാന്മാരോടൊപ്പമാണ് രക്ഷാബന്ധൻ ആഘോഷിച്ചത്. ജവാന്മാർക്ക് രാഖി അണിയിച്ചും മധുരം പങ്കിട്ടും യുവതികളും കുട്ടികളും രക്ഷാബന്ധൻ ആഘോഷിച്ചു.
കശ്മീരിലെ ഉറി സെക്ടറിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികരോടൊപ്പവും യുവതികൾ രക്ഷാബന്ധൻ ആഘോഷിച്ചു. ഭീകരരിൽ നിന്നും മറ്റ് വെല്ലുവിളികളിൽ നിന്നും തങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി അറിയിക്കുന്നതായി യുവതികൾ പറഞ്ഞു. എന്ത് പ്രതിസന്ധി ഘട്ടത്തിലും നിങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ തങ്ങളുണ്ടാകുമെന്ന് സൈനികർ പ്രതിജ്ഞ ചെയ്തു.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഈ ദിവസം നൽകുന്നതെന്നും അതിർത്തിയിൽ താമസിക്കുന്ന തങ്ങൾക്ക് സൈന്യം എപ്പോഴും ആശ്വാസമാണെന്നും യുവതികൾ പ്രതികരിച്ചു.















