കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഗുണ്ടകളെ നട്ടുവളർത്തിയെന്നും ഇത്രയും വലിയ ക്രൂര ആക്രമണത്തിന് പിന്നിൽ മമതാ സർക്കാരാണെന്നും കേസ് വാദിക്കുന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യ പറഞ്ഞു.
നീതിയ്‌ക്ക് വേണ്ടി പ്രതിഷേധിക്കുന്നവരെ തൃണമൂൽ ഗുണ്ടകൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. അവർ തെളിവുകൾ നശിപ്പിക്കുന്നു. തൃണമൂൽ പ്രവർത്തകർ പ്രതിഷേധക്കാർക്കിടയിൽ കയറി അക്രമങ്ങൾ അഴിച്ചുവിടുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരിൽ തൃണമൂൽ ഗുണ്ടകളും ഉൾപ്പെട്ടിട്ടുണ്ട്.
കേസ് അന്വേഷിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥയാണുണ്ടായത്. അതുകൊണ്ടാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്‌ക്ക് കൈമാറിയത്. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ആദ്യം പറഞ്ഞത് യുവതി അസുഖം ബാധിച്ചാണ് മരിച്ചതെന്ന്, പിന്നീട് ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞു. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് വ്യക്തമാക്കാൻ പോലും പൊലീസും ഡോക്ടർമാരും തയ്യാറായില്ല. മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് അവർ ചെയ്തതെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി.















