സിനിമ മേഖലയിൽ സ്ത്രീകൾ നേരിട്ട, നേരിടുന്ന പ്രശ്നങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവരുമ്പോൾ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം ഒന്നടങ്കം. പുറത്തുപറഞ്ഞാലുള്ള ഭവിഷത്തുകൾ ഭയന്ന് തുറന്നുപറയാതിരുന്ന ദുരനുഭവങ്ങളാണ് നടിമാർ കമ്മിറ്റിക്ക് മുന്നിൽ തുറന്നുകാട്ടിയത്.
നടിയെ ആക്രമിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നും സിനിമാ മേഖലയിൽ നടക്കുന്നത് മുഴുവൻ അത്തരത്തിലുള്ള ഹീനമായ പ്രവൃത്തികളാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആര്, എന്ത്, എങ്ങനെ എന്നുള്ള വ്യക്തിപരമായ കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും ആട്ടിൻ തോലിട്ട ചെന്നായകൾക്കിടയിൽ മുൻനിര നടന്മാരും ഉണ്ടെന്ന് വ്യക്തം.
15- അംഗ പവർ ഗ്രൂപ്പാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നത്. നേതാവായുള്ളത് മുതിർന്ന, സിനിമ രംഗത്തെ പ്രധാന നടനെന്നും റിപ്പോർട്ടിൽ പറയുന്നു. അല്പം വസ്ത്രം ധരിച്ചാലും ഇറുകിയ വസ്ത്രം ധരിച്ചാലും അവസരങ്ങൾ ഉണ്ടെന്ന് പറയുന്നവരുണ്ട്. പ്രാകൃത സമീപനമാണ് സ്ത്രീകളോടുള്ളത്. ആലിംഗന സീനുകളും ഇന്റിമേറ്റ് സീനുകളും ആവർത്തിച്ച് എടുപ്പിക്കും.
ശിലായുഗ കാലത്തെ സമീപനമാണ് സ്ത്രീകൾ നേരിടുന്നത്. അവർ പറയുന്നത് അനുസരിച്ചാൽ പരിഗണന നൽകും. ഇല്ലെങ്കിലുള്ള അവസ്ഥ ദയനീയമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുരുഷാധിപത്യത്തിന്റെ മേഖലയാണ് സിനിമാ മേഖലയെന്നുള്ളത് അടിവരയിട്ട് ഉറപ്പിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
പരാതിപ്പെട്ടാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണി. ആർത്തവ കാലത്ത് വലിയ പ്രയാസങ്ങളാണ് നടിമാർ അനുഭവിക്കുന്നത്. മൂത്രം ഒഴിക്കാതെ മണിക്കൂറുകൾ കഴിയുന്നതിനാൽ മൂത്രാശയ അണുബന്ധ രോഗങ്ങളുൾപ്പെടെ ഉണ്ടാകുന്നുവെന്നും കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്.















