പാമ്പ് എന്ന് കേൾക്കുമ്പോഴെ എല്ലാവരുടെയും ഉള്ളൊന്ന് വിറക്കും. എങ്കിൽ കിടപ്പുമുറിയിൽ ഒരു പാമ്പിനെ കണ്ടാലോ! ഭയന്ന് ഉള്ള ജീവനും കൂടെ പോകും. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായി. ഉഡുപ്പിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഉഡുപ്പി ജില്ലയിലെ ഹെബ്രിക്കടുത്തുള്ള സോമേശ്വര ഗ്രാമത്തിലെ ഒരു വീട്ടിലാണ് രാജവെമ്പാല കയറിയത്.
കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ ചുരുണ്ടു കിടക്കുന്ന നിലയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ (എആർആർഎസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയാണ് വീട്ടിൽ നിന്നും പാമ്പിനെ പിടികൂടിയത്.
പെട്ടിയിൽ പാമ്പിന്റെ വാൽ കണ്ട വീട്ടുകാരിലൊരാൾ തുറന്നു നോക്കാൻ ശ്രമിച്ചതോടെ പാമ്പ് ചീറ്റിക്കൊണ്ട് നേരെ വരികയായിരുന്നു. ഇതോടെ ഭയന്നുവിറച്ച വീട്ടുകാർ ഫോറസ്റ്റിൽ വിളിച്ച് വിവരം അറയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളിൽ കിടക്കുന്നത് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്.
9 അടി നീളമാണ് വീടിനുള്ളിൽ കയറിയ രാജവെമ്പാലയ്‌ക്ക് ഉണ്ടായിരുന്നത്. പാമ്പിനെ സുരക്ഷിതമായി അഗുംബെ വനത്തിലേക്ക് വിട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ ശക്തമായ മഴയുണ്ടായിരുന്നുവെന്നും ചൂടു തേടി മരക്കൊമ്പിലൂടെ ഇഴഞ്ഞ് ജനാലയുടെ ഉള്ളിലൂടെ വീടിനുള്ളിൽ രാജവെമ്പാല കയറിയതാവാം എന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.















