ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ നൽകിയ തടസ ഹർജി തള്ളിയതിൽ പ്രതികരിച്ച് നടി രഞ്ജിനി. ഹർജി തള്ളിയതല്ല, സിംഗിൾ ബെഞ്ചിനെ വിഷയം ബോധിപ്പിക്കാൻ തനിക്ക് സമയം കിട്ടിയില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് രഞ്ജിനി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടിയുടെ പ്രതികരണം. റിപ്പോർട്ട് തത്കാലം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ രഞ്ജിനി സമീപിച്ചിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ആവശ്യം തള്ളുകയും സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചയ്‌ക്ക് 2.30ന് തൊട്ടുമുൻപായി രഞ്ജിനിയുടെ അഭിഭാഷകൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കാര്യം നടന്നില്ല. ഈ സാഹചര്യത്തിലാണ് നടിയുടെ നിലപാട് മാദ്ധ്യമപ്രവർത്തകർ തേടിയത്.
റിപ്പോർട്ട് പബ്ലിഷ് ചെയ്യണമെന്നാണ് ആദ്യം മുതൽ ആവശ്യപ്പെട്ടിരുന്നതെന്ന് രഞ്ജിനി വീണ്ടുമാർവർത്തിച്ചു. “എന്റെ മൊഴിയും അതിൽ ഉൾപ്പെടുന്നതിനാൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ എന്റെ സ്റ്റേറ്റ്മെന്റ് എപ്രകാരമാണ് വന്നിരിക്കുന്നതെന്ന് എനിക്ക് കാണണമായിരുന്നു. അതായിരുന്നു എന്റെ ആവശ്യം. അല്ലാതെ റിപ്പോർട്ട് ഒരിക്കലും പുറത്തുവിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബാക്കിയുള്ള കാര്യങ്ങൾ എന്റെ ലീഗൽ ടീം നോക്കും. പുറത്തുവന്ന റിപ്പോർട്ട് ഞാൻ ഇതുവരെ വിശദമായി വായിച്ചിട്ടില്ല. നേരത്തെ ഞാൻ ശുപാർശ ചെയ്തതാണ് എന്റർടെയ്ൻമെന്റ് ട്രൈബ്യൂണൽ. അത് വേണമെന്ന് റിപ്പോർട്ടിൽ പറഞ്ഞതായി കണ്ടു. ഐസിസി ‘വർക്ക്’ ആവില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതും സത്യമാണ്. അതുകൊണ്ട് ട്രൈബ്യൂണലിനെയാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. അക്കാര്യത്തിൽ ഒരുപാട് സന്തോഷമുണ്ട്. ഇനി ബാക്കി കാര്യങ്ങൾ എന്റെ ലീഗൽ ടീം തീരുമാനിക്കും, അതിന് ശേഷം അറിയിക്കാം..” -നടി വ്യക്തമാക്കി.















