ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴികൾക്ക് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. സർക്കാർ പെണ്മക്കളെ സംരക്ഷിക്കുന്നില്ലെന്നും അവർക്ക് നീതി തേടിക്കൊടുക്കുന്നില്ലെന്നും ആരോപിച്ച പൂനവല്ല മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
“കൊല്ലപ്പെട്ട വനിതാ ഡോക്റ്ററുടെ മാതാപിതാക്കളുടെ മൊഴി പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ മുഖ്യമന്ത്രിപദം രാജിവയ്‌ക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. മാതാപിതാക്കളുടെ മൊഴികളിൽ നിന്ന് പെൺമക്കളെ സംരക്ഷിക്കുന്നതിനോ അവർക്ക് നീതി തേടി കൊടുക്കുന്നതിനോ മമതാ സർക്കാരിന് താൽപ്പര്യമില്ലെന്നുള്ളത് വ്യക്തമാണ്. ബലാത്സംഗം ചെയ്യുന്നവരെ സംരക്ഷിക്കുക, തെളിവ് നശിപ്പിക്കുക, സത്യം പറയുന്നവരെ അടിച്ചമർത്തുക, വസ്തുതകൾ മറച്ചുവെക്കുക എന്നിവയ്‌ക്കാണ് അവർ മുൻഗണന നൽകുന്നത്, ” ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മ കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രിയെ കടുത്തഭാഷയിൽ വിമർശിച്ചിരുന്നു. പൊലീസ് അവരുടെ ചുമതലകൾ കൃത്യമായി നിർവ്വഹിച്ചില്ലെന്നും മുഖ്യമന്ത്രി പ്രതിഷേധത്തെ അടിച്ചമർത്താൻ മാത്രമാണ് ശ്രമിച്ചതെന്നും അവർ ആരോപണമുന്നയിച്ചിരുന്നു.
“കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. മുഴുവൻ ഡിപ്പാർട്ട്മെന്റും ഇതിന് ഉത്തരവാദികളാണ്.പോലീസുകാർ അവരുടെ ഡ്യൂട്ടിചെയ്യുന്നില്ല .സെക്ഷൻ 144 നടപ്പിലാക്കി പ്രതിഷേധം അടിച്ചമർത്താൻ മാത്രമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്”, കൊല്ലപ്പെട്ട ഡോക്റ്ററുടെ അമ്മ പറഞ്ഞു.
അതേസമയം സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 20 ന് കേസ് പരിഗണിക്കും. പൊലീസിന്റെ കേസ്സന്വേഷണത്തിൽ അസംതൃപ്തി രേഖപ്പെടുത്തിയ കൊൽക്കത്ത ഹൈക്കോടതിയും കേസന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.