ചെന്നൈ: കരസേനയുടെ മുൻ മേധാവി ജനറൽ സുന്ദരരാജൻ പത്മനാഭൻ അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.
2000 സെപ്റ്റംബർ 30 മുതൽ 2002 ഡിസംബർ വരെ ഇന്ത്യയുടെ 20-ാം കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 1940 ൽ കേരളത്തിലെ മുൻ തിരുവിതാംകൂറിലാണ് ജനിക്കുന്നത്. ഡെറാഡൂണിലെ രാഷ്‌ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലെയും പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം 1959 ലാണ് കരസേനയുടെ ആർട്ടിലറി റെജിമെൻ്റിലേക്ക് ചേരുന്നത്.
1973-ൽ വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ (DSSC) നിന്നും ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. ആർട്ടിലറി ബ്രിഗേഡിനെയും മൗണ്ടൻ ബ്രിഗേഡിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. 1993 മുതൽ 1995 വരെ 15 കോർപ്‌സിന്റെ കമാൻഡർ ആയിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് അതിവിശിഷ്‌ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. 43 വർഷത്തിലേറെ നീണ്ട സൈനിക സേവനം പൂർത്തിയാക്കിയ ശേഷം 2002 ഡിസംബർ 31-ന് അദ്ദേഹം വിരമിക്കുകയായിരുന്നു.