കൊച്ചി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. മുദ്രവച്ച കവറിലാണ് സമർപ്പിച്ചത്. മതിലകം ഓഫീസുൾപ്പെടുന്ന വിശദമായ രൂപരേഖ സമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി നിർദേശം നൽകി. മറുപടി സത്യവാങ്മൂലത്തിന് ചീഫ് സെക്യൂരിറ്റി ഓഫീസർ സാവകാശം തേടിയിട്ടുണ്ട്.
ഏതാനും ഭക്തർ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അടുത്ത മാസം 11ലേക്ക് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം ആറിനാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ചിക്കൻ ബിരിയാണി സൽക്കാരം നടന്നത്. ജീവനക്കാരന്റെ മകന് സർക്കാർ ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ചിക്കൻബിരിയാണി സത്കാരം.
ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. വിവരം ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തി എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കിയിരുന്നു.