ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ 4096 അപ്രന്റിസ് ഒഴിവുകൾ. ഓൺലൈനായി സെപ്റ്റംബർ 16 വരെ അപേക്ഷിക്കാവുന്നതാണ്. ലക്നൗ, അംബാല, മൊറാദാബാദ്, ഡൽഹി, ഫിറോസ്പുർ എന്നീ ക്ലസ്റ്ററുകൾക്കുകീഴിലെ ഡിവിഷനുകളിലും യൂണിറ്റുകളിലും വർക്ഷോപ്പുകളിലുമായിരിക്കും പരിശീലനം.
കുറഞ്ഞത് 50 ശതമാനം മാർക്കോട് പത്താം ക്ലാസ് വിജയമോ തത്തുല്യവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യുമാണ് (എൻ.സി.വി.ടി./ എസ്.സി.വി.ടി.) യോഗ്യത. 15-24 വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചട്ടപ്രകാരമുള്ള സ്‌റ്റൈപെൻഡ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് www.rrc.nr.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക















