ന്യൂഡൽഹി: കൊൽക്കത്തയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട കേസിൽ അന്വേഷണ ചുമതല സിബിഐയിലെ രണ്ട് ഉന്നത വനിതാ ഉദ്യോഗസ്ഥർക്ക് കൈമാറി. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം അതിക്രമ കേസുകൾ അന്വേഷിച്ച് തെളിയിച്ച ഉദ്യോഗസ്ഥരാണിവർ ഹത്രാസ്, ഉന്നാവോ ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥ സമ്പത് മീണയ്‌ക്കാണ് അന്വേഷണത്തിന്റെ മൊത്തത്തിലുള്ള ചുമതല. ഹത്രാസ് അന്വേഷണസംഘത്തിന്റെ ഭാഗമായിരുന്ന സീമ പഹൂജയും ഇവർക്കൊപ്പമുണ്ട്.
25 ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ ചുമതലയാണ് അഡീഷണൽ ഡയറക്ടറായ സമ്പത് മീണയ്‌ക്ക് നൽകിയിരിക്കുന്നത്. ഇവർ കാര്യങ്ങൾക്ക് മേൽനോട്ടവും വഹിക്കും. പ്രാഥമികതല അന്വേഷണത്തിന്റെ ചുമതല അഡീഷണൽ പൊലീസ് സൂപ്രണ്ടായ എം.എസ്. പഹുജയ്‌ക്കാണ്. 2007-നും 2018-നും ഇടയിൽ മികച്ച അന്വേഷണത്തിന് രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ച ഉദ്യോഗസ്ഥയാണിവർ.
അതേസമയം കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിലെ മുഖ്യ പ്രതിയായ സഞ്ജയ് റോയിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കാൻ സിബിഐക്ക് അനുമതി ലഭിച്ചു. കൊൽക്കത്ത കോടതിയാണ് സിബിഐക്ക് അനുമതി നൽകിയത്. കസ്റ്റഡിയിലുള്ള സഞ്ജയ് റോയിയെ സിബിഐ ശനിയാഴ്ച സൈക്കോ-അനാലിസിസ് പരിശോധനയ്‌ക്കും വിധേയനാക്കിയിരുന്നു.















