കേരളത്തിന്റെ മത്സ്യസമ്പത്തിന് മുതൽക്കൂട്ടായി പുതിയ ഇനം ആഴക്കടൽ സ്രാവിനെ കണ്ടെത്തി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സെഡ്.എസ്.ഐ.) ആണ് പുതിയ ഇനം സ്രാവിനെ കണ്ടെത്തിയത്. ‘സ്ക്വാലസ് ഹിമ’ എന്നാണ് സ്രാവിന്റെ സ്പീഷിന് നൽകിയിരിക്കുന്ന പേര്.
ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിൽനിന്നാണ് സ്രാവിനെ ശേഖരിച്ചത്. ഇന്ത്യൻ തീരത്ത് കണ്ടുവരുന്ന ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് സ്ക്വാലസ് ഹിമ. തള്ളിനിൽക്കുന്ന കശേരുക്കൾ, പല്ലുകളുടെ എണ്ണം, കൊമ്പിന്റെയും തലയുടെയും ഉയരം, ചിറകുകളുടെ രൂപം, നിറം തുടങ്ങിയവയെല്ലാം വ്യത്യസ്തമാണ്.
സുവോളജിക്കൽ സർവേ സീനിയർ ശാസ്ത്രജ്ഞനും സ്രാവുകളുടെ റെഡ് ലിസ്റ്റ് അസസ്‌മെൻറ് വിദഗ്ധനുമായ ഡോ. കെ.കെ. ബിനീഷിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.